കോതമംഗലം: തീവ്ര മഴയില്‍ കോതമംഗലം താലൂക്കില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തെ കൊല്ലപ്പാറയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ കൃഷിയിടത്തിന് നാശം. ആളപായമില്ല. കോതമംഗലത്ത് 133 വീടുകളിലും അമ്പതിലേറെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 85 വീടുകളിലും 10 ഓളം കടകളിലും തിങ്കളാഴ്ച രാത്രിയോടെ വെള്ളം കയറി. പൂയംകുട്ടിക്ക് സമീപം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി റോഡും സമീപത്തെ 31 വീടുകളിലും വെള്ളാരംകുത്ത് ഗിരിവര്‍ഗ ഊരിലെ മൂന്നു വീടുകളിലും വെള്ളം കയറി. ഉരുളന്‍തണ്ണി ഭാഗത്ത് 23 വീടുകളിലും ആനക്കയത്ത് 14 വീടുകളും പിണവൂര്‍കുടി, വെളിയത്തുപറമ്പ് ആദിവാസി ഊരുകളില്‍ 12 വീടുകളിലും സമീത്തെ തോട് കവിഞ്ഞതോടെയാണ് വെളളത്തില്‍ മുങ്ങിയത്. 14 കുടുംബങ്ങളിലെ 31 പേരെ സിഎസ്‌ഐ പള്ളിയിലെ ക്യാമ്പിലേക്ക് മാറ്റി.
മറ്റുള്ളവര്‍ ബന്ധു വീടുകളില്‍ അഭയം തേടി. പ്രദേശത്തെ അഞ്ചു കടകളിലും വെള്ളം കയറിയിരുന്നു. മാമലക്കണ്ടത്ത് മൂന്ന് വീടും ഇഞ്ചത്തൊട്ടിയില്‍ ഒരു വീടും കാറ്റില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. കുട്ടമ്പുഴയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പ് തുറക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യന്‍ പറഞ്ഞു.
കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. കുരൂര്‍ത്തോട് കരകവിഞ്ഞ് കോതമംഗലം ജവഹര്‍ കോളനിയിലെ 33 വീടുകളിലും കരുപ്പുഴിക്കടവ് ഭാഗത്തെ നാല് വീടുകളിലും വെള്ളം കയറി. ജവഹര്‍ കോളനിയിലെ 23 കുടുബങ്ങളിലെ 101 പേരെ കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. തൃക്കാരിയൂര്‍ മുണ്ടുപാലം ഭാഗത്ത് തോട്ടിലെ വെള്ളം റോഡും പാലവും മുക്കി പരിസരത്തെ 15 വീടുകളിലും 25 ഓളം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇവരില്‍ 13 പേരെ തൃക്കാരയൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി.തൃക്കാരിയൂര്‍ ഭാഗത്ത് സമീപത്തെ തോട് കരകവിഞ്ഞതോടെ വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലം വരെ വെള്ളം കയറി. കോതമംഗലത്ത് കുരൂര്‍ത്തോട് കരകവിഞ്ഞ് പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങി. കോതമംഗലത്ത് ദേശീയപാത കടന്നുപോകുന്ന അരമനപ്പടി ഭാഗത്തും മാര്‍ ബേസില്‍ ജംഗ്ഷന് സമീപത്തും വെള്ളം കയറിയെങ്കിലും ഗതാഗത തടസം ഉണ്ടായില്ല. കുട്ടമ്പുഴ ഉരുളന്‍തണ്ണി ഷാപ്പിന് സമീപം പന്തപ്ര ആദിവാസി ഊരിലേക്ക് എളുപ്പമാര്‍ഗമായി ആദിവാസികള്‍ നിര്‍മിച്ച താത്കാലിക തൂക്കുപാലം തോട്ടിലെ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. പിണവൂര്‍കുടി മുക്ക് ഭാഗത്ത് തോട് കരകവിഞ്ഞുണ്ടായ ഒഴുക്കില്‍ നടപ്പാലത്തിന്റെ കൈവരികള്‍ മരത്തടി ഇടിച്ച് തകര്‍ന്നു.