കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന് മുതല്‍ ടൗണ്‍ വഴി എം. എ. കോളേജ് വരെയായാണ് കൂട്ടയോട്ടം നടത്തിയത്. സുസ്ഥിര വികസനവും, നവീകരണങ്ങളും എന്നപേരില്‍ വ്യാഴാഴ്ച നടക്കുന്ന അന്തര്‍ ദേശീയ സമ്മേളത്തിന് മുന്നോടിയായും, സുസ്ഥിര വികസനത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് സന്ദേശം നല്കുന്നതിനുമായിട്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന് പറഞ്ഞു.
കോഴിപ്പിള്ളി പാര്ക്കിന് സമീപം നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം ബ്രാഞ്ച് മാനേജര്‍ ജെറിന് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരും,നൂറോളം വിദ്യാര്‍ത്ഥികളും മാരത്തണില്‍ പങ്കെടുത്തു. ഡോ. ഡയാന ആന്‍ ഐസക്, ഡോ. പുതുമ ജോയ് എന്നിവര്‍ നേതൃത്വം നല്കി






















































