- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ റോഡിനു സമീപം വലിച്ചെറിയുന്നത് പതിവാകുന്നു . ഭക്ഷണ അവശിഷ്ടങ്ങൾ, നാപ്കിനുകൾ, പ്ലാസ്റ്റിക് ഇതര വസ്തുക്കൾ എന്നിവയാണ് കൂടുതലായും വലിച്ചെറിയപ്പെടുന്നത്. ആനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സാന്നിധ്യം സ്ഥിരമായ റൂട്ടിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുമ്പോൾ, റോഡിനു സമീപം ഇവ ഭക്ഷിക്കാനായി വന്യമൃഗങ്ങൾ തമ്പടിക്കുന്നത് പതിവുകാഴ്ച ആവുകയാണ്. അതിലെ പോകുന്ന വാഹന യാത്രക്കാർക്ക് നേരെ പലപ്പോഴും വന്യമൃഗ ആക്രമണം ഉണ്ടാവുകയും ആളുകൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്.
വനപാതകളിൽ വലിച്ചെറിയുന്ന ഭക്ഷ്യ മാലിന്യങ്ങളിൽ ഉപ്പിന്റെ അംശമുള്ളതാണ് വന്യമൃഗങ്ങളെ മാലിന്യക്കൂമ്പാരത്തിടുത്ത് തമ്പടിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതറിയാതെ അതുവഴി കടന്നുവരുന്ന വാഹന യാത്രക്കാർക്ക് നേരെ വന്യമൃഗങ്ങൾ ചാടുന്നത് പതിവാക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്.
വനപാതകളിൽ മാലിന്യം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജാമ്യം പോലും കിട്ടാത്ത കുറ്റം ആണെന്നുള്ള കാര്യം പലപ്പോഴും പൊതുജനങ്ങൾക്ക് അറിവില്ല. മാത്രമല്ല മാലിന്യം കൊണ്ടിടുന്നവർ അറിയുന്നില്ല അതുവഴി കടന്നുപോകുന്ന വന്യമൃഗങ്ങൾ മാലിന്യങ്ങൾ ഭക്ഷിക്കുകയും, റോഡ് സൈഡിൽ തന്നെ തമ്പടിക്കുകയും ചെയ്യുന്നതുമൂലം അതുവഴി വരുന്ന വാഹന യാത്രക്കാർക്ക് പലപ്പോഴും മൃഗങ്ങളുടെ ആക്രമണം ഉണ്ടാവുകയും ചെയ്യുന്നു എന്ന് തുണ്ടം റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി പറഞ്ഞു.