മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. പുലര്‍ച്ചെ സമയങ്ങളില്‍ എറണാകുളത്തുനിന്നും കാറിലെത്തി പേഴയ്ക്കാപ്പിള്ളിയിലും മൂവാറ്റുപുഴയിലെ മറ്റു പ്രദേശങ്ങളിലും സ്ഥിരമായി എംഡിഎംഎ വില്‍പന നടക്കുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 17.5 ഗ്രാം കഞ്ചാവും, പോയിന്റ് 9ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാത്. സഫല്‍ എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിവന്നിരുന്ന കടാതി കുര്യന്‍മല സ്വദേശി റെല്‍വിന്‍ രാജുവിന്റെ വീട്ടില്‍ നിന്നുമാണ് പിടിയിലായത്.
എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബുകളും മൊബൈല്‍ ഫോണും പണവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റെല്‍വിന്‍ രാജുവിന്റെ പങ്കും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഫേസ് ടു വിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ പരിശോധനയാണ് മൂവാറ്റുപുഴ എക്‌സൈസ് നേതൃത്വത്തില്‍ നടത്തിവരുന്നത്.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രെവെന്റ്റീവ് ഓഫീസര്‍ ഷബീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റഹിം, നൗഷാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത, ഡ്രൈവര്‍ ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
