കോതമംഗലം: വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി ഏഴ് കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായി. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിങ് സ്ഥാപിക്കുക. മീരാൻസിറ്റി, പനം ചുവട്, അരീക്കസിറ്റി, സ്കൂൾപടി, പലവൻപടി എന്നീ പ്രദേശങ്ങളിലൂടെയാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് വരുന്നത്. സാധാരണ രീതിയിലുള്ള ഫെൻസിങ്ങിനേക്കാൾ ഫലപ്രദമാണ് ഹാങ്ങിങ് ഫെൻസിങ്. പ്രത്യേക രീതിയിൽ വൈദ്യുതി കമ്പികൾ തൂങ്ങിക്കിടക്കും വിധത്തിലാണ് ഇതിന്റെ ക്രമീകരണം. അതുകൊണ്ട് ഫെൻസിങ് തകർത്ത് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടാവില്ല. പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ ആരംഭിക്കും. കോതമംഗലം നിയോജക മണ്ഡലത്തിലെ വന്യ മൃഗശല്യം നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളിൽ നബാർഡ് സ്‌കീമിലും സ്റ്റേറ്റ് പ്ലാനിലും ഉൾപ്പെടുത്തി ഫലപ്രദമായ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള വിശദമായ എസ്റ്റിമേറ്റുകൾ സമർപ്പിച്ചിട്ടുണ്ടെന്നും വൈകാതെ അംഗീകാരം ലഭിക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.