കോതമംഗലം: വന്യജീവികളുടെ ആക്രമണത്തിനും സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനും എതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നയിക്കുന്ന ഏകദിന ഉപവാസ സമരം 20നു നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോതമംഗലം ഗാന്ധി സ്ക്വയറിൽ നടക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് സമാപന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യും.
ടി. യു. കുരുവിള അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ, കവളങ്ങാട്, കുട്ടമ്പുഴ തുടങ്ങിയ വനാതിർത്തി പഞ്ചായത്തുകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. തലമുറകളായി കൃഷിയും അനുബന്ധ ജോലികളും ചെയ്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ നാളിതുവരെ സർക്കാർ തയാറായിട്ടില്ല. വിളനാശത്തിനു പുറമെ ആട്, പശു തുടങ്ങിയവ വന്യജീവികളുടെ ആക്രമണത്തിൽ പതിവായി കൊല്ലപ്പെടുന്നുണ്ട്. വന്യജീവികളെ ഭയന്ന് പിറന്ന മണ്ണിൽ നിന്നു പാലായനം ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച് ജീവിത കാല സമ്പാദ്യം മുഴുവൻ നഷ്ട്ടപ്പെട്ട് നിരാലംബരായ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നല്കാൻ അധികൃതർ തയാറാവണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. വർഷങ്ങളായി കൈവശത്തിലിരിക്കുന്ന സ്വന്തം ഭൂമിയിൽ നിന്നും നട്ടുവളർത്തിയ മരങ്ങൾ മുറിച്ചതിന്റെ പേരിൽ കേസെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പീഢനം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, കെ.പി. ബാബു, ഷിബു തെക്കുംപുറം, പി.കെ.മൊയ്ദു, മാത്യു ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.