കോതമംഗലം : കോതമംഗലം മേഖലയിലെ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധ സദസ്സ് നടത്തി സാമൂഹ്യ സംഘടന ഗ്രീൻവിഷൻ കേരള. ചേലാട് ജംഗ്ഷനിൽ നടന്ന സമ്മേളനം ഓൾ കേരള കാത്തലിക് കോൺഗ്രസ്സ് കോതമംഗലം രൂപത പ്രസിഡൻറ് സണ്ണി കടുത്താഴെ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്കിറക്കുന്നത് തടയാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യരുടെ സ്വത്തിനും ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോതമംഗലം മേഖല വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മറുന്നതിൽ ആശങ്കയുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഗ്രീൻവിഷൻ കേരള സംസ്ഥാന ട്രഷറാർ ജിജി പുളിക്കൽ പറഞ്ഞു. വന്യമൃഗശല്യത്തിനെതിരെ നിരന്തരം പോരാട്ടങ്ങൾ നടത്താനും കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാനും ഗ്രീൻ വിഷൻ കേരള എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ബ്ലോക്ക്പഞ്ചായത്ത് മെമ്പറും ഗ്രീൻവിഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ജെയിംസ് കോറമ്പേൽ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ മാത്യുസ് നിരവത്ത് ആമുഖ പ്രഭാഷണം നടത്തി. ബിജു വെട്ടിക്കുഴ, ജോയി പടയാട്ടിൽ, വിജോയി പുളിക്കൽ, എ സി രാജശേഖരൻ, റെജി ജോർജ്, സജി തെക്കേക്കര എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൻ കറുകപിള്ളിൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ജോസഫ് ആൻ്റണി നന്ദിയും പറഞ്ഞു.
