കോതമംഗലം: മാമലക്കണ്ടത്ത് പട്ടാപകലും റോഡിൽ കാട്ടാനയുടെ സ്ഥിരം സാന്നിത്ഥ്യം. യാത്രക്കാർ ഭീതിയിൽ. മാമലക്കണ്ടം – പഴമ്പിള്ളിച്ചാൽ റോഡിൽ മരവെട്ടിച്ചാൽ ഭാഗത്താണ് കഴിഞ്ഞ ദിവസം പകൽ റോഡിൽ കാട്ടാന തമ്പടിച്ചത്.റോഡിന് ചേർന്നുള്ള പ്രദേശത്തും ഇവ സ്ഥിരം വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് രണ്ട് കൊമ്പൻമ്മാർ കലിപൂണ്ട് കൊമ്പുകോർത്തതും അത് വഴി കടന്ന് പോയ യാത്രക്കാരിൽ ഭീതിയുണർത്തി. നേര്യമംഗലത്ത് റോഡരുകിൽ നിന്നിരുന്ന മരം കാട്ടാനകൾ മറിച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിയുടെ ദാരുണമരണത്തിൻ്റെ ഭീതിയിൽ നിന്നും ഈ നാട്ടുകാർ മുക്തരാകും മുമ്പാണ് താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടാനകൾ റോഡിൽ തമ്പടിക്കുന്നത്. കാട്ടാന മറച്ചിട്ട മരത്തിനിടിയിൽപ്പെട്ട് വിദ്യാർത്ഥി മരണപ്പെട്ടിട്ടും പോലീസ് സാധാ റോഡ് അപകടമായി കേസ് എടുത്തതിനാൽ യാതൊരു നഷ്ടപരിഹാരവും കൊടുക്കാൻ വനം വകുപ്പോ സർക്കാരോ തയ്യാറായുമില്ല.
കോതമംഗലം താലൂക്കിൻ്റെ മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.എന്നാല്‍ വനംവകുപ്പും വകുപ്പ് മന്ത്രിയും മ്യഗീയ നിഷ്ക്രിയത്വം തുടരുകയാണ്.ഇത് അവാസനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.ആനയും കടുവയുമെല്ലാം നാടുവാഴുന്ന ഇടമായി കോതമംഗലം മാറുകയാണ്.വനാതിര്‍ത്തികളിലെ കര്‍ഷകരില്‍ ഭീതി വളര്‍ത്തണമെന്നും അവിടം ഒഴിഞ്ഞുപോകണമെന്ന് ആരൊക്കയോ ആഗ്രഹിക്കുന്നു എന്ന തോന്നല്‍ ശക്തമാണ്.ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി പ്രതികരിക്കുന്ന മനുഷ്യസ്നേഹികളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള വനംമന്ത്രിയുടെ പ്രതികരണത്തില്‍ ജനങ്ങൾക്കിടയിൽ രോക്ഷം ശക്തമാണ് .വന്യമൃഗശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ആവശ്യമായ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം.
മാമലകണ്ടംകാരുടെ ജീവിതം വന്യജീവികളുടെ ഭീക്ഷണിക്ക് നടുവിലാണ്.ആന മാത്രമല്ല,മറ്റ് വന്യജീവികളും ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.വീടിന് പുറത്തിറങ്ങി എവിടേക്കുള്ള യാത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തെ മുന്നില്‍കണ്ടുള്ളതാണ്. ഇപ്പോൾ രാത്രിയോ പകലോ വ്യത്യാസമില്ലാതെ ആനകള്‍ റോഡില്‍ ഇറങ്ങാറുണ്ട്.ഇരുവശത്തുമുള്ള കാടുകളില്‍ ആനകള്‍ വിഹരിക്കുന്നുണ്ട്.ഇവ ഏതുസമയത്തും മുന്നിലേക്ക് ചാടിവീഴാം.ഭാഗ്യവും കനത്ത ജാഗ്രതയുമാണ് ജീവന്‍ സംരക്ഷിക്കാന്‍ ഇവര്‍ക്ക് സഹായകരമാകുന്നത്. അടിയന്തിരമായി പ്രദേശത്ത് ആർ ആർ ടി ടീമിനെ നിയോഗിച്ചും ശക്തമായ ഫെൻസിങ്ങ് സ്ഥാപിച്ചും റോഡിലിറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
