കോതമംഗലം: മിനി വാനിലെ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ മാമലക്കണ്ടം ചെരിക്കനാമ്പുറത്ത് സാബുവിന്റെ വാഹനത്തിനു നേരെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇന്നലെ രാവിലെ ഏഴു മണിയോടെ മാമലക്കണ്ടം പഴംപള്ളിച്ചാലിൽ വച്ച് ആക്രമണമുണ്ടായത്.
മൂന്നുപ്രാവശ്യം വാഹനത്തെ കുത്തിയ കൊമ്പൻ വാൻ മറിച്ചിടാനും ശ്രമം നടത്തി. ഈ സമയമത്രയും വാഹനത്തിനുള്ളിലായിരുന്നു സാബു. ചിന്നം വിളി കേട്ട് സമീപ പ്രദേശത്തുള്ള ആളുകൾ ഓടിക്കൂടി ഒച്ചവച്ചതോടെ ആന വനത്തിലേക്ക് വലിഞ്ഞു. സാബുവിന് പരിക്കില്ല. പ്രദേശത്തെ വൈദ്യുതവേലികൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ആന റോഡിൽ എത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.