കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് ഇറങ്ങിയ ആന നശിപ്പിച്ചത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉൾപ്പെടെയുള്ള വനാതിർത്തി പ്രദേശം. കഴിഞ്ഞ ദിവസം ഇവിടെ ആന പകലും എത്തിയിരുന്നു. ആനശല്യം രൂക്ഷമായിട്ടുണ്ടെന്നും ഫെൻസിംഗ് സംവിധാനം ഉടൻ പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച ആൻ്റണി ജോൺ MLA പറഞ്ഞു. രാത്രിയും പുലർച്ചെയും ആനകൾ റോഡിലിറങ്ങുന്നതു കൊണ്ട് പേടിമൂലം ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസിയായ എബി എബ്രാഹം പറഞ്ഞു.



























































