കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള കൊമ്പന്റെ ജഡം കണ്ടത്. ശശി വീട്ടില്‍നിന്ന് അര കിലോമീറ്ററിലധികം ദൂരെ മാറിയുള്ള പുരയിടത്തില്‍ മാങ്ങ പറിക്കാനായി പോയപ്പോഴാണ് ജഡം കണ്ടത്. ആനയുടെ വായിൽ മുറിവ് കാണപ്പെട്ടു. രക്തംവാര്‍ന്നൊലിച്ച നിലയി ലായിരുന്നു. പന്നി പടക്കം പോലുള്ള സ്പോടവസ്തു
കടിച്ചതാണെന്ന് സംശയിക്കുന്നു. രണ്ട് മരങ്ങള്‍ക്ക് മധ്യേയായിരുന്നു ജഡം. വിവരം അറിഞ്ഞ് കുട്ടമ്പുഴയില്‍നിന്ന് റേയ്ഞ്ച് ഓഫീസര്‍ വി.പി. മുരളീദാസിന്റെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം തിണ്ണകുത്ത് വനമേഖലയിലേക്ക് കൊണ്ട് പോയി. വെറ്റനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധനക്ക് അയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുട്ടമ്പുഴ റേഞ്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.




















































