കോതമംഗലം: ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയായ നേര്യമംഗലം പാലം മുതൽ
ഇരുമ്പുപാലം വരെയുള്ള വഴിയാത്രക്കാർക്കും നാട്ടുകാർക്കുമാണ് കൂട്ടം തെറ്റിയ കാട്ടുപോത്ത് ഭീഷണിയായിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ എത്തിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു.
ഇരുമ്പുപാലം – പടിക്കപ്പ് റോഡിൽ ജീപ്പു യാത്രക്കാരാണ് കാട്ടുപോത്തിനെ കണ്ടത്.ഇവർ നാട്ടുകരെ വിവരം അറിയിക്കുകയും ജാഗ്രത പാലിക്കാനുള്ള അറിയിപ്പും നൽകി.നാട്ടുകാരും ജിപ്പുകാരും കാട്ടുപോത്തിനെ ഓടിച്ചു വനമേഖലയിലേക്ക്എത്തിക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാട്ടുപോത്ത് റോഡ് സൈഡിലെ റബ്ബർ തോട്ടത്തിലെക്ക് കയറി പോകുകയായിരുന്നു.
പകലോ രാത്രിയിലോ വീണ്ടും കാട്ടുപോത്ത് ജനവാസ മേഖലയിലൊ റോഡിലോ ഇറങ്ങുമോ എന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ നേര്യമംഗലത്ത് റബ്ബർ തോട്ടത്തിലും നേര്യമംഗലം ഇഞ്ചതൊട്ടി റോഡിൽ മൊഴുക്കുമാലി ഭാഗത്തും കണ്ടത് ഇതേ കാട്ടുപോത്താണന്നാണ് വനപാലകരുടെ സംശയം.പിന്നീട് കൊച്ചി-ധനുഷ് കോടി ദേശീയപാതക്കരികിൽ നേര്യമംഗലം മൂന്നാം മൈൽ ഭാഗത്തും ഈ കാട്ടുപോത്തിനെ കണ്ടിരുന്നു.
കാട്ടുപോത്തുകൾ സാധാരണ കൂട്ടമായി സഞ്ചരിക്കുന്ന രീതിയാണ് ഉള്ളത്.
ഇത് ഒറ്റയ്ക്ക് ആയതിനാൽ വെള്ളം കുടിക്കാനൊ മറ്റോ എത്തിയപ്പോൾ കൂട്ടം തെറ്റി
ജനവാസ മേഖലയിലേക്ക് വന്നതാകാമെന്നുമാണ് വനപാലകരുടെ നിഗമനം.എന്നാൽ കാട്ടു പോത്തിനെ ഉൾകാട്ടിൽ എത്തിക്കുവാൻ ഒരു നടപടിയും നേര്യമംഗലം റേഞ്ചിലെ വനപാലകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലന്ന പരാതിയുണ്ട്. കാട്ടുപോത്ത് നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി ചുറ്റിത്തിരിയുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ കാട്ടുപോത്ത് എത്തുന്നത് മൂന്നാറിലേക്ക് രാത്രി കാല വാഹനയാത്രക്കാരായ വിനോദസഞ്ചാരികൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായ കാട്ടുപോത്തിനെ പിടികൂടി ഉൾവനത്തിൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.