കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ വിവാദ ഭാഗങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം പരിശോധന നടത്തി.നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള 14 അര കിലോമീറ്റർ ദൂരത്തിലാണ് തിങ്കളാഴ്ച പ്രാഥമിക പരിശോധന റവന്യൂ സംഘം നടത്തിയത്.ദേവികുളം താലൂക്ക് സർവേയർ പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും അടിമാലി പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സർവ്വേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.റവന്യൂ സംഘത്തോടൊപ്പം പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരോടും എത്തുവാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച നടന്ന പരിശോധനയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല. ഈ മേഖലയിലെ റോഡുമായി ബന്ധപ്പെട്ട റവന്യൂ ഭൂമിയുടെ സ്കെച്ചുകൾ റവന്യൂ സംഘം കൊണ്ടുവന്നിരുന്നു. അടിമാലി വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ നാല്, അഞ്ച് എന്നിവയിൽ ഉൾപ്പെട്ട 56 മുതൽ 87 വരെയുള്ള സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടതാണ് നേര്യമേഖലയിലെ ദേശീയപാത’ തിങ്കളാഴ്ച നടന്ന പ്രാഥമിക പരിശോധനയിൽ റോഡിന് കുറഞ്ഞത് 30 മീറ്ററും പല ഭാഗങ്ങളിലും അതിൽ അധികവും വീതിയുള്ളതായി റവന്യൂ സംഘം കൊണ്ടുവന്ന പഴയ രേഖകളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് സംയുക്ത പരിശോധനയ്ക്കാണ് കളക്ടർ ഉത്തരവിട്ടിരുന്നത്. വരും ദിവസങ്ങളിൽ പ്രത്യേക സർവ്വേ സംഘത്തെ നിയോഗിച്ച് പൂർണ്ണമായ തോതിൽ അളന്ന് റോഡിൻറെ ഭൂമി തിട്ടപ്പെടുത്തുമെന്നും റവന്യൂ സംഘം പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന സങ്കീർണ്ണതകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മെയ് 28ന് റോഡിൻറ വീതി സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവു പ്രകാരം നേര്യമംഗലം പാലം മുതൽ ഉള്ള വനമേഖലയിലൂടെ പോകുന്ന ദേശീയപാതയ്ക്ക് 100 അടിയോളം വീതി ഉള്ളതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലെന്ന കാര്യവും കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെ വനം വകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെ തടയിടുവാനായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികളും ജില്ലയിലെ ഭരണമുന്നണി നേതാക്കളും തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.വനം വകുപ്പിനോട് തൽക്കാലം സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ല എന്നാണ് സർക്കാർ
നിർദ്ദേശം നൽകിയതായി ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടാൻ ഒരുങ്ങിയ ഘട്ടങ്ങളിൽ എല്ലാം വനം വകുപ്പ് തടസ്സവാദം ഉന്നയിച്ച് രംഗത്ത് വരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വൻ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്
റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടത്തിയിരുന്നത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഏറ്റവും പുതിയ നവീകരണ പ്രവർത്തനങ്ങൾക്കായി 928 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻറെ പണികൾ ദേശീയ പാതയുടെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മൂലം വനമേഖലയിലെ ദേശീയ പാതയുടെ വികസനം സാധ്യമാകുന്നില്ല.ഇതിനെതിരെ കഴിഞ്ഞ മാസം ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സർവ്വേ നടത്തുവാൻ ജില്ലാ കളക്ടർ റവന്യൂ വനംവകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയത്.ഇതിൽ നിന്നാണ് തിങ്കളാഴ്ച വനം വകുപ്പ് മാറിനിന്നത്.എന്നാൽ തിങ്കളാഴ്ച നടന്ന സംയുക്ത പരിശോധനയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.