Connect with us

Hi, what are you looking for?

NEWS

ജലദിനാചരണം കൊറോണയിൽ മുങ്ങി

  • കെ.എ സൈനുദ്ദീൻ

കോതമംഗലം: കൊറോണ ലോകമെങ്ങും മഹാമാരിയായി വ്യാപിക്കുന്നതിനിടെ വന്നെത്തിയ ലോക ജല ദിനം ആചരിക്കാൻ കഴിയാതെ പരിതസ്ഥിതി പ്രേമികളടക്കം നിരാശയിലായി.1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു. തുടർന്ന്എല്ലാ വർഷവും ലോകമെങ്ങും മാർച്ച് 22 ന് ജല ദിനം ആചരിച്ചു പോന്നു. 2020 മാർച്ച് 22 ന് വന്നെത്തിയ ലോക ജല ദിനം കൊറോണ ലോകത്ത് പരിഭ്രാന്തി പരത്തിയതോടെ ഒരിടത്തും ആചരിക്കുന്നില്ലായെന്നത് ചരിത്രമാകും. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധജല ലഭ്യതയാണ് വരും കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകത്തെ ജനത മുഴുവൻ ഒന്നായി പറഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജല ദിനാചരണത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ച ക്യാംപെയ്ൻ പോലും നടത്താൻ കഴിയാതെ ലോകത്ത് കോവിഡ് 19 വ്യാപനം വിനയായി മാറിയത്.

നമ്മെ സംബന്ധിച്ച് 44 നദികളും ഇതോടനുബന്ധിച്ചുള്ള 5400 കിലോമീറ്ററോളം കനാൽ ശൃംഖലകളുമുണ്ട്.ലക്ഷ കണക്കിന് കിണറുകളും ചെറു കുളങ്ങളും അടങ്ങുന്ന ജല സ്രോതസുകളുമുണ്ട്. തടയണകളും അണക്കെട്ടുകളും ജലം തടഞ്ഞു നിർത്തി വേനൽ കാലത്തേക്ക് ഉപകരിക്കാൻ സാധ്യമാക്കിയിട്ടുണ്ടെങ്കിലും കഠിന വരൾച്ചയാൽ കുടിവെള്ളത്തിനും കൃഷിയ്ക്കും തികയാത്ത സ്ഥിതിയാണ്. കടുത്ത വരൾച്ചയിൽ ജലദൗർലഭ്യത്താൽ ഏക്കറുകണക്കിന് കാർഷിക വിളകളാണ് കരിഞ്ഞുണങ്ങുന്നത്. സംസ്ഥാനത്ത് വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നവർ ലക്ഷങ്ങളാണ്. ചെറുതും വലുതുമായ ജലസേചന പദ്ധതികൾ ഏറെയുണ്ടെങ്കിലും വേണ്ടത്ര വെള്ളമില്ലാത്തതിനാൽ പമ്പിംഗ് നടത്തി ജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല.

ജലനിരപ്പു താഴ്ന്ന് മരുഭൂമി പോലെയായ നദികളാണ് ഏറെയും. വനത്തിനുള്ളിലെ ചെറു അരുവികൾ വറ്റിയതോടെ വെള്ളം തേടി വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നു. ദൈനദിന ആവശ്യങ്ങൾക്കു പോലും വെള്ളം ലഭിക്കാതെ കുടി വെള്ള വിതരണ വാഹനത്തിന്റെ വരവ് കാത്ത് ക്ഷമ നശിച്ചവരുടെ ശാപവാക്കുകൾ കേട്ടിട്ടും ശുദ്ധജലം നിറഞ്ഞിരുന്ന നാടിനെ മലിനജലമാക്കാൻ കാരണക്കാരായവർ മാറി ചിന്തിക്കാതെ മോചനം ലഭിക്കുമോയെന്ന ചോദ്യം പ്രസക്തമാവുന്നു. പക്ഷികളും മൃഗങ്ങളും ആവാസ വ്യവസ്ഥയിൽ വന്ന മാറ്റത്തിൽ സ്വയം പ്രതികരിച്ചു തുടങ്ങിയിട്ടും വിവേകമുണ്ടെന്നു അഹങ്കരിക്കുന്ന മനുഷ്യൻ ഉറക്കം നടിക്കുകയാണോ എന്ന ചോദ്യം സമൂഹം ഏറ്റെടുക്കണമെന്നതാണ് ഉയർന്നു വരേണ്ട പ്രധാന മുദാവാക്യം.

പരിതസ്ഥിതിയുമായി ബന്ധപ്പെട്ട് ജലം ലഭിക്കണമെങ്കിൽ വനവും വയലുകളും അടക്കം സംരക്ഷിക്കപ്പെടുന്ന സമീപനം സ്വീകരിക്കാൻ തയ്യാറകണമെന്ന് പരിതസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു. ജനപെരുപ്പം കാരണം ഗ്രാമങ്ങൾ നഗരങ്ങൾ ആകുന്ന കാഴ്ചയാണ് നിലവിലുള്ള തെന്നുംഅദ്ദേഹംപറഞ്ഞു. ആർഭാടവും ധൂർത്തും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും .
ടൺ കണക്കിന് സോപ്പാണ് ജലത്തിലേക്ക് തള്ളുന്നതെന്ന് നാം മനസിലാക്കുന്നില്ല. പവിത്രമായ ജലം സംരക്ഷിക്കാൻ തയാറായില്ലെങ്കിൽ ഭാവി തലമുറയോട് കാണിക്കുന്ന അനീതിയായി മാറുമെന്നും ജോൺ പെരുവന്താനം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഏറ്റവും വലിയ ആയുധം ജലമാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു.പ്ലാസ്റ്റിക് വനംനിറഞ്ഞ പുഴകളുംകനാലുകളുമാണെവിടെയും.

2018 ൽ പ്രളയവും 2019 ൽ വെളളപ്പൊക്കവും ഉണ്ടായിട്ടും ജലം ഭൂമിയിൽ നിലനിർത്താനുള്ള ശാസ്ത്രീയ രീതിയെക്കുറിച്ച് ചിന്തിക്കാൻ പോലും ചുമതലപ്പെട്ടവർക്ക് സമയമില്ല. വനം നശിപ്പിച്ച് വികസനം നടത്തുമ്പോൾ വന്യ ജീവികൾക്കടക്കം വംശനാശം സംഭവിക്കുന്നു. വയലുകളും ജലസ്രോതസുകളും നികത്തി കോൺക്രീറ്റ് മന്ദിരങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടമാവുന്ന ലക്ഷ കണക്കിന് ലിറ്ററർ വെള്ളത്തെക്കുറിച്ചും ചിന്തിക്കുന്നില്ല.
പരിതസ്ഥിതിക്കേൽക്കുന്ന ആഘാതം നേരിടാൻ കഴിയാതെ വന്നാൽ വനവും മൃഗങ്ങളും പക്ഷികളും ജലസ്രോതസുകളും ഇല്ലാതെയാകും.ഇതെല്ലാം സമഗ്രമായി പഠിക്കാനും നടപ്പിലാക്കാനും കഴിഞ്ഞില്ലെങ്കിൽ ജലദിനങ്ങൾ പ്രഹസനമായി മാറിത്തീരും. ഭരണ കർത്താക്കളും പൊതു സമൂഹവും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൊറോണയെക്കാൾ ഭയാനകമായിരിക്കും വെള്ളത്തിനായുള്ള പരക്കംപാച്ചിൽ.

You May Also Like