കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ അപൂർവമായി മാത്രം പതിയുന്ന പക്ഷിയാണ് വെള്ളിമൂങ്ങ. അത്തരമൊരു പക്ഷിയുടെ നാല് കുഞ്ഞുങ്ങളെയാണ് കോതമംഗലത്തിനടുത്ത പ്രദേശത്ത് കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം നാട്ടുകാരനായ യുവാവ് വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഒരു മാസക്കാലമായി കുഞ്ഞുങ്ങൾ ഇവിടെയുണ്ട്. തള്ള പക്ഷി രാത്രി ഇര തേടി കുഞ്ഞുങ്ങൾക്ക് എത്തിച്ചു നൽകുന്നുണ്ട്. വെള്ളിമൂങ്ങകൾ സാധാരണയായി മരപ്പൊള്ളകളിലോ പഴയ കെട്ടിടങ്ങളിലോ പ്രജനനം നടത്തുന്നവയാണെന്നും, മനുഷ്യ ഇടപെടൽ കൂടിയാൽ കുഞ്ഞുങ്ങൾക്ക് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി.



























































