കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് ജനിച്ചത്. പിന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് കുടിയേറി. ഒരു കർഷക കുടുംബമായിരുന്നു സ്റ്റീഫന്‍റേത്.
പിതാവിന്‍റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പാർട്ടി പിളർപ്പിന് ശേഷം നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കെത്തി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു.
‘പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു’എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് സുവിശേഷപ്രവർത്തനത്തിലേക്കും മാറി. വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ വിയോഗത്തോടെഅവസാനിച്ചത് കേരളത്തിന്‍റെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സംഭവ ബഹുലമായ ഒരു അധ്യായമാണ്.

























































