വാരപ്പെട്ടി : 50 ശതമാനം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന ഇന്ന് മുതൽ വാരപ്പെട്ടി സഹകരണ ബാങ്കിൽ ആരംഭിച്ചു. കർക്കിടക മാസത്തിൽ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ ബാങ്ക് അംഗങ്ങൾക്ക് നൽകുന്നത്. വാരപ്പെട്ടിയിൽ ബാങ്കിന്റെ ഹെഡ് ഓഫീസിലും ഇഞ്ചൂർ , മൈലൂർ ബ്രാഞ്ചുകളിലുമുള്ള സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ അംഗങ്ങൾക്ക് ലഭിക്കും. പദ്ധതിയുടെ ഉത്ഘാടനം വാരപ്പെട്ടി ഹെഡ് ഓഫീസ് സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് എം.ജി.രാമകൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷിബു വർക്കി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. സുരേഷ് എം, സെക്രട്ടറി റ്റി. ആർ.സുനിൽ തുടങ്ങിയവർ സംസാരിച്ചു.
