കോതമംഗലം : വടാട്ടുപാറ അമ്മാവൻ സിറ്റി ദാമോദരൻകുന്ന് പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതായി നാട്ടുകാർ. രാത്രി സമയങ്ങളിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നതും വീടുകൾ തകർക്കുന്നതും പതിവ് സംഭവമായി മാറിയെന്നാണ് പരാതി. കഴിഞ്ഞ രാത്രി അമ്മാവൻ സിറ്റി പഴുക്കാളി ബേബിയുടെ പുരയിടത്തിൽ നിന്ന മൂന്ന് തെങ്ങുകളും വാഴകളും ചവിട്ടി മറിച്ചിടുകയും വീടിന്റെ പകുതിയോളം ഭാഗം തകർക്കുകയും ചെയ്തു. ഈ സമയം ബേബി വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കഴിഞ്ഞ ഒരു മാസമായി ബേബിയും കുടുംബവും മറ്റൊരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കൂട്ടമായെത്തുന്ന ആനകളെ ഭയന്ന് ജീവിതം ദുസ്സഹമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്തെ ഫെൻസിംഗ് തകരാറിലായതാണ് ആന ശല്യം രൂക്ഷമായിരിക്കുന്നത്.
