തൃക്കാരിയൂർ : ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ മുണ്ടുപാലം ജംഗ്ഷനിൽ ശക്തമായ ഒരു മഴ പെയ്താൽ കാലങ്ങളായി തോട് കരകവിഞ്ഞു ഒഴുകി പ്രദേശവാസികൾക്കും നാട്ടുകാർക്കും ഭയങ്കര ബുദ്ധിമുട്ടുകളും, ഗതാഗത തടസ്സവും ഉണ്ടായി ഒരു വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. കേരളത്തിലെ അറിയപ്പെടുന്നതും നിരവധി ഭക്തജനങ്ങൾ ദിനംപ്രതി എത്തിച്ചേരുന്ന തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ഉൾപ്പടെ സമീപ പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകളും, വാഹനങ്ങളും കടന്നു പോകുന്ന ഈ പ്രധാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുമ്പോൾ വളരെയധികം ബുദ്ധിമുട്ട് ആണ് ഉണ്ടാകുന്നത്. കൂടാതെ സ്കൂൾ കുട്ടികൾ ഉൾപ്പടെ ഉള്ള വഴിയാത്രക്കാർക്ക് പോലും വെള്ളക്കെട്ട് മൂലം യാത്ര തടസപ്പെടുന്നു. സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും ഇവിടെ പതിവാണ്.കുറച്ചു നാളുകൾ മുൻപ് ഈ വെള്ളകെട്ടിന് പരിഹാരം ഉണ്ടാക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തോട്ടിലെ മണ്ണും, ചെളിയും നീക്കം ചെയ്തു തൊടിന്റെ ആഴം കൂട്ടാൻ ശ്രമം നടത്തിയെങ്കിലും വെള്ളകെട്ടിന് അതും പൂർണമായും ഫലം കണ്ടില്ല. ആയതുകൊണ്ട് വലിയ വീതി ഉണ്ടായിരുന്ന തൊടിന്റെ ഇരുകരകളും കാലങ്ങളായി കയ്യേറി വച്ചിരിക്കുന്നത് ഒഴിപ്പിച്ചു തൊടിന്റെ യഥാർത്ഥ വീതി പുനസ്ഥാപിച്ചു വേണ്ട അടിയന്തിര നടപടികൾ റെവന്യു ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചു ഈ നാടിനും നാട്ടുകാർക്കും അടിക്കടി ഉണ്ടാകുന്ന ഈ ദുരിതത്തിന് ഒരു ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
