കോതമംഗലം: എ പി ജെ അബ്ദുൾകലാംസാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിങ് കോളേജ് ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ ഷിജു രാമചന്ദ്രനും ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.2020 – 23 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
2022 ൽ ഇടുക്കിയിലും, 2023 ൽ നാഗപൂരും നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരളത്തിനെ പ്രധിനിധീകരിച്ച സംഘത്തിന്റെ ലീഡർ ആയിരുന്നു ഷിജു രാമചന്ദ്രൻ. കോവിഡ് 19 കാലഘട്ടത്തിലെ പ്രവർത്തനം, മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഗ്രീൻ പ്രോട്ടോകോൾ, നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചികിത്സക്കായി നൽകിയ ധന സഹായ പദ്ധതിയായ ജീവന, രക്ത ദാന പ്രവർത്തനങ്ങൾ, വൃക്ഷതൈ നടീൽ, ആക്രി ചലഞ്ചിലൂടെ നടത്തിയ ഭാവന നിർമ്മാണ പദ്ധതിയായ സ്വപ്നക്കൂട്, സ്തനാർബുദ രോഗ നിർണ്ണയ ക്യാമ്പുകൾ, കോതമംഗലം താലൂക്ക് ആശുപത്രിയിലും, പല്ലാരിമംഗലം ഹയർ സെക്കണ്ടറി സ്കൂളിലും നടന്ന നവീകരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് ലഭിച്ചത്.
കൂടാതെ, സർവകലാശാല എൻ എസ് എസ് സെല്ലിന്റെ നേതൃത്വത്തിൽ ഉള്ള പാലിയേറ്റിവ് കെയർ വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്ററും, സർവകലാശാല സെല്ലിന്റെ ആലപ്പുഴ ഇടുക്കി ജില്ലകളുടെ ജില്ലാ കോർഡിനേറ്ററുമാണ് ഷിജു രാമചന്ദ്രൻ. കൂടാതെ സർവകലാശാല എൻ എൻ എസ് സെൽ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ആയി സഹകരിച്ചു നടപ്പിലാക്കുന്ന ഭാവന നിർമ്മാണ പദ്ധതിയുടെ ഡോക്യൂമെന്റഷൻ ചാർജും ഷിജു രാമചന്ദ്രൻ ആണ് വഹിക്കുന്നത്.
അവാർഡ് ദാന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, ഡോ. വിനോദ് കുമാർ ജേക്കബ്, അഡ്വ. ഐ സാജു, സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ അരുൺ എം എന്നിവർ സംബന്ധിച്ചു.സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് സ്വാഗതഗവും റെജിസ്ട്രർ ഡോ പ്രവീൺ നന്ദിയും പറഞ്ഞു.