പോത്താനിക്കാട്: നറുക്കെടുപ്പിലൂടെ പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതികള്‍ നേടി എല്‍ഡിഎഫ്. ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും എല്‍ഡിഎഫിന് ലഭിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ അംഗബലമായതോടെ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ നറുക്കെടുത്തപ്പോള്‍ ക്ഷേമകാര്യ സ്ഥിരം സമിതിയിലും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയിലും എല്‍ഡിഎഫിനും, വികസന സ്ഥിര സമിതിയില്‍ യുഡിഎഫിനും ഭാഗ്യം തുണയായി.
വികസനകാര്യ സ്ഥിരം സമിതിയിലേക്ക് വി ജി ജോബി (എല്‍ഡിഎഫ്), അനില്‍ ഏബ്രഹാം (അധ്യക്ഷന്‍ യുഡിഎഫ്), സീന സജി (യുഡിഎഫ്) വി ജി ജോബി (എല്‍ഡിഎഫ്) എന്നിവരും, ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് ഷീല റോയി (അധ്യക്ഷ എല്‍ഡിഎഫ്), കെ സി പ്രദീപ് (എല്‍ഡിഎഫ് ), ജിനേഷ് കെ പോള്‍ യുഡിഎഫ് എന്നിവരും, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതിയിലേക്ക് മേഴ്‌സി ബിജു (അധ്യക്ഷ എല്‍ഡിഎഫ്),
അലന്‍ഷ്യ ഏലിയാസ് (എല്‍ഡിഎഫ് ), സാബു വര്‍ഗീസ് (യുഡിഎഫ്) എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ധനകാര്യ സ്ഥിരം സമിതിയിലേക്ക് വൈസ് പ്രസിഡന്റ് ലൂസി സന്തോഷിനോടൊപ്പം മിനി സണ്ണി, ജിജി മാത്യു, (ഇരുവരും യുഡിഎഫ്) വിന്‍സന്റ് ഏബ്രഹാം (സ്വതന്ത്രന്‍) എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
14 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും ഒരു സ്വതന്ത്ര അംഗവുമാണ്. സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതുമൂലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ലഭിച്ചത്.






















































