കോതമംഗലം: കോതമംഗലം താലൂക്കില്‍ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍നിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേര്‍. പിണവൂര്‍കുടിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കില്‍ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കുഴഞ്ഞുവീണ് മരിച്ചത്. കോട്ടപ്പടി കൂവക്കണ്ടത്തും സമാന രീതിയില്‍ ഒരു കര്‍ഷകന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാന്പലായം കുഞ്ഞപ്പനാണ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുഞ്ഞപ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മലയോര ഗ്രാമങ്ങളില്‍ കര്‍ഷകരെ ഇത്തരം ദുരന്തങ്ങളേിലേക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥരും സര്‍ക്കാരും നിസ്സംഗത പാലിക്കുകയാണ്. നിരന്തരം ആന ശല്യമുള്ള പ്രദേശമാണ് വനത്തിന് അടുത്തുള്ള പിണവൂര്‍കുടി. കൃഷി നശിപ്പിക്കുന്നതും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുന്നതും പതിവാണ്. ഇവിടെ മനുഷ്യരെ വന്യമൃഗങ്ങള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്. രാത്രിയില്‍ പടക്കം പൊട്ടിച്ചും ഒച്ചവച്ചുമാണ് നാട്ടുകാരും വനപാലകരും ആനകളെ ഓടിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ഇന്നലത്തെ പ്രകാശിന്റെ ദൗത്യം മരണത്തിലാണ് കലാശിച്ചത്. പ്രകാശിന്റെ മരണം വന്യജീവി ആക്രമണത്തേതുടര്‍ന്നുള്ളതായി കണക്കാക്കണമെന്നും കുടുബത്തിന് സഹായം ലഭ്യമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
