കോതമംഗലം : കറുകടം മാവിൻചുവട് പ്രദേശത്ത് പേവിഷബാധയേറ്റ തെരുവുനായ ചത്ത സംഭവവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും പ്രദേശത്ത് നിരീക്ഷണം നടത്തി. രണ്ട് നായ്ക്കൾക്കുകൂടി പേവിഷബാധയേറ്റതായി സംശയിക്കുന്നു.നഗരസഭയിലെ 19, 20, 24 വാർഡുകളിലാണ് പരിശോധന നടത്തിയത്. ഇരുപത് തെരുവുനായ്ക്കളെ കണ്ടെത്തി വാക്സിനേഷൻ നൽകി.
പേവിഷബാധയേറ്റ നായയുമായി സമ്പർക്കമുള്ളതായി സംശയിക്കുന്ന നായയേയും കുഞ്ഞിനേയും വാക്സിൻ നൽകി 15 ദിവസത്തെ നിരീക്ഷണത്തിനായി കൂട്ടിലേക്ക് മാറ്റി. നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നവീൻ, വെറ്ററിനറി ഡോക്ടർ ജെസി കെ. ജോർജ്, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വി.ആർ. സുമേഷ്, അക്ബർ സാദിഖ, പി.കെ. ശാന്തികൃഷ്ണ എന്നിവരാണ് മെഡിക്കൽ ടീമിൽ ഉണ്ടായിരുന്നത്.
