കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം സഞ്ചാരികൾ പാലിക്കുന്നില്ല. അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ. നേര്യമംഗലം മലനിരകളുടെയും വനത്തിൻ്റെയും പാശ്ചാത്തലത്തിൽ ഹരിതഭംഗി കളിയാടിടുന്ന തീരംതീർത്ത ശാന്തമായ ജലാശയവും, സഞ്ചാരികളെ കാത്ത് കിടക്കുന്ന പെഡൽ ബോട്ടുകളും ഇഞ്ചതൊട്ടിയുടെ ആകർഷണങ്ങളാണ്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് പെരിയാറിന് കുറുകെയുള്ള
ഇഞ്ചത്തൊട്ടി തൂക്കുപാലം. ഇവിടെ സഞ്ചാരികളുടെ തിരക്ക് ഏറിയതോടെയാണ് കുട്ടംമ്പുഴ പഞ്ചായത്ത് പാലത്തിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഒരേ സമയം നിരവധി പേരാണ് തൂക്കുപാലത്തിൽ കയറുന്നത്.ഇവർ തൂക്കുപാലത്തിൽ നിന്ന് ചാടുകയും പാലം കുലുക്കുകയും ചെയ്യുന്നതിനാൽ ചെറിയ തകരാറുകൾ പാലത്തിന് സംഭവിച്ചിട്ടുണ്ട്. അതു കൊണ്ടാണ് വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്തും അപകട സാധ്യത ഒഴിവാക്കുവാനും ഒരേ സമയം 25 പേരിൽ കൂടുതൽ പാലത്തിൽ കയറരുത് എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സെക്രട്ടറി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മുന്നറിയിപ്പു ബോർഡ് വകവയ്ക്കാതെ കൂടുതൽ വിനോദസഞ്ചാരികൾ പാലത്തിൽ കയറുന്നത് പതിവാകുകയാണ് ഇത് അപകടകങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നു.പാലത്തിൽ 25 പേരിൽ കൂടുതൽ കയറുന്നത് തടയുന്നതിന് നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.