കോതമംഗലം : കോവിഡ് മൂലം സഞ്ചാരികളില്ലാതെ മിക്ക വിനോദ സഞ്ചാര മേഖലകളും അടഞ്ഞു കിടക്കുകയാണ്. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞു പോയ മേഖലകളിൽ പ്രധാനമായ ഒന്നാണ് ടൂറിസം. ഈ മേഖലയുമായി ബന്ധപെട്ടു ഉപജീവനം കഴിഞ്ഞിരുന്നവരെല്ലാം മറ്റു വരുമാന മാർഗമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇവരെ പോലെ ബുദ്ധിമുട്ടിലായവരാണ് വാനരപ്പട. ആളൊഴിഞ്ഞ ടൂറിസം മേഖലകൾ ഇപ്പോൾ തെരുവ് നായ്ക്കളും, കുരങ്ങുകളും കൈയടക്കിയിരിക്കുന്ന കാഴ്ചയാണ് കോതമംഗലം ഭൂതത്താൻകെട്ടിൽ നിന്നും കാണാൻ കഴിയുന്നത്. ഈ മേഖലയിലെ കുരങ്ങുകൾ പട്ടിണിയിലായി.
ദിവസേന ആയിരത്തിൽ അധികം ആളുകൾ വന്നു പോയിരുന്ന ഭൂതത്താൻകെട്ടിൽ കുരങ്ങുകൾക്ക് നിത്യനേ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെയെത്തുന്ന കൊച്ചു കുട്ടികൾ അടക്കമുള്ളവർ നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ ചുരുക്കം ചില വഴിയാത്രക്കാർ അല്ലാതെ സഞ്ചാരികളെ കാണാൻ കഴിയുന്നില്ല. ആയതിനാൽ ഈ പ്രദേശത്തെ വാനരക്കൂട്ടങ്ങൾ ഇപ്പോൾ പട്ടിണിയിലാണ്. സഞ്ചാരികൾ ഇല്ലാത്ത ഭൂതത്താന്കെട്ടിൽ ഇപ്പോൾ തെരുവ് നായക്കളും സമീപത്തുള്ള വനത്തിൽ നിന്നും കൂട്ടമായി വരുന്ന കുരങ്ങുകളും ആണ് കയ്യാളുന്നത്.
കൊച്ചി ധനുഷ് കോടി ദേശീയ പാതയോരത്ത് നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തും ഇതുപോലെ ധാരാളം വാനരപടയെ കാണുവാൻ സാധിക്കും. ഇവരും സഞ്ചാരികളെ പ്രതീക്ഷിച്ചു വഴിക്കണ്ണുമായി ദേശീയ പാതയോരത്ത് കാത്തിരിക്കുന്നത് കാണാം. എന്നാൽ ഇതു വഴി പോകുന്ന ചില നല്ല മനസിന്റെ ഉടമകൾ ഇവർക്ക് ലഖു ഭക്ഷണങ്ങളും, പഴ വർഗ്ഗങ്ങളും നൽകി പോകുന്നുമുണ്ട്. ഇവരെല്ലാം സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ്.