കോതമംഗലം : ശിശുദിനത്തിൽ സമൂഹ മാതൃകയായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായാണ് ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടന്നത്. കിൻഡർ ഗാർഡൻ ബിൽഡിങ്ങിൽ കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്നൊരുക്കിയ ഷോപ്പിംഗ് ഫെസ്റ്റിവൽ നാടിന് വേറിട്ട അനുഭവമായി. വിവിധതരം അച്ചാറുകൾ, പലഹാരങ്ങൾ, അക്വേറിയം,ചെടികൾ, സ്റ്റേഷനറി ഐറ്റംസ്, ഫുഡ് കൗണ്ടറുകൾ, കാർഷിക ഉത്പന്നങ്ങളുടെ ജനകീയ ലേലം കൂടാതെ കുട്ടികൾ ഒരുക്കിയ പപ്പറ്റ് ഷോയും ഉണ്ടായിരുന്നു. ഷോപ്പിംഗ് ഫെസ്റ്റിവലിൽ ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സി. മരിയറ്റ് എസ് ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ഫാ. മാത്യു വടക്കുമ്പാടം, ഫാ. ജിപ്സൺ ഗ്രിഗറി, ബോസ് വർഗീസ്, ഊന്നുകൽ എസ് ഐ എം വി ബിജു, എം കെ വിജയൻ,എം എസ് പൗലോസ്, രഞ്ജിത്ത് ജോസ്,സി.ഫില്സി എസ് ഡി, ഷിജ മാത്യു, നോബിൾ വർഗീസ് എന്നിവർ വിവിധ ഷോപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ച് ആശംസകൾ അർപ്പിച്ചു. കിൻഡർ ഗാർഡൻ പ്രിൻസിപ്പൽ സിസ്റ്റർ ശാലീന എസ് ഡി സ്വാഗതവും പിടിഎ പ്രസിഡണ്ട് സിജു മാത്യു നന്ദിയും പറഞ്ഞു. മാതാ പിതാക്കൾ നഷ്ടപ്പെട്ട രണ്ട്
കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനായി ഫണ്ട് കണ്ടെത്തുന്നതിന് ശിശുദിനത്തിൽ ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിലൂടെ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ സമൂഹത്തിന് മഹത്തായ സന്ദേശമാണ് പകർന്നു നൽകുന്നതെന്ന് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.



























































