കോതമംഗലം : തൃക്കാരിയൂർ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം മാറിയതിന് ശേഷം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.താൻ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. ആദ്യം 15 ലക്ഷം രൂപ അനുവദിക്കുകയും പിന്നീട് രണ്ടാംഘട്ടമായി 25 ലക്ഷം രൂപ അനുവദിക്കുകയു മായിരുന്നു.ഈ 40 ലക്ഷം രൂപ ഉപയോഗപ്പെടുത്തി താഴെ നാല് മുറികളും ഒന്നാം നിലയിൽ 4 മുറികളും കൂടിയ 8 മുറികളും അടങ്ങിയ തൃക്കാരിയൂർ ഉപ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90% ത്തോളം പൂർത്തീകരിച്ചിരുന്നു.
അവശേഷിക്കുന്ന അവസാനഘട്ട പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്നാം ഘട്ടമായി 18 ലക്ഷം രൂപ കൂടിയും 2023- 24 സാമ്പത്തിക വർഷത്തിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മാത്രമാണ് ഈ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളൂ. കേന്ദ്ര ഫണ്ടുകളോ,മറ്റു ഫണ്ടുകളോ ഒന്നും തന്നെ ഈ പ്രവർത്തനങ്ങൾക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. 18 ലക്ഷം രൂപ മൂന്നാംഘട്ടമായി അനുവദിച്ച് ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തത്. തുടർനടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള ഈ നിയമപരമായ തടസ്സം നിലനിൽക്കെയാണ് ചിലർ കള്ളപ്രചരണങ്ങളുമായി മുന്നോട്ട് വരുന്നത്. ഭാവിയിൽ ഉപ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.
നാടിന് ഉപകാരപ്രദമാകുന്ന വികസന പ്രവർത്തനത്തെ രാഷ്ട്രീയ ലക്ഷ്യം വച്ച് തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം പൂർത്തിയായതിനുശേഷം മൂന്നാംഘട്ടമായി അനുവദിച്ചിട്ടുള്ള 18 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ തൃക്കാരിയൂർ മേഖലയിൽ തുടർന്നും ഏറ്റെടുക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, പഞ്ചായത്ത് മെമ്പർ തുടങ്ങിയവർ എം എൽ എ യോടൊപ്പം സബ് സെന്റർ സന്ദർശിച്ചു.