കോതമംഗലം: തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് പാത: പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എം.സി റോഡിന് സമാന്തരമായി നിർമ്മിക്കുന്ന നിർദ്ദിഷട തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് നാലുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി സംബന്ധിച്ചും കോതമംഗലം താലൂക്കിൽ അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടി സംബന്ധിച്ചും , പ്രസ്തുത പദ്ധതിയുടെ കല്ലിടൽ അടക്കമുള്ള തുടർ നടപടികൾ സംബന്ധിച്ചും സഭയിൽ MLA ചോദ്യം ഉന്നയിച്ചു.
തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് പാതയുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25% സംസ്ഥാന സർക്കാർ വഹിക്കുന്നതിന് സ.ഉ. ( കൈ) 18/2021/ പൊ. മ. വ തീയതി 26/2/21 പ്രകാരം അനുമതി നല്കിയിട്ടുണ്ട്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി ദേശീയ പാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം (stage 2) ദേശീയ പാത അതോറിറ്റിയുടെ ചെയർമാൻ അധ്യക്ഷനായുള്ള LA കമ്മിറ്റി അംഗീകരിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.