പോത്താനിക്കാട്: വരള്‍ച്ചയില്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളായ കടവൂര്‍ സൗത്ത്, കടവൂര്‍ നോര്‍ത്ത്, പുതകുളം, മണിപ്പാറ, പനങ്കര, ഞാറക്കാട് പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. ഈ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി എട്ടു വര്‍ഷം മുന്‍പ് കാളിയാര്‍ പുഴയുടെ പരിതപ്പുഴയില്‍ നിര്‍മിച്ച ചെക്ക്ഡാമില്‍ വെള്ളം വറ്റിയതു മൂലം സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലെയും എല്ലാം ജലനിരപ്പും താഴ്ന്നിരിക്കുകയാണ്. മൂവാറ്റുപുഴ – തൊടുപുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിച്ച ചെക്ക്ഡാമാണ് ഒരു മാസത്തോളമായി വറ്റിക്കിടക്കുന്നത്.
1.38 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പരിതപ്പുഴ ചെക്ക്ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മിച്ചതു മൂലം ഈ മേഖലയിലെ കിണറുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലും വെള്ളം സുലഭമായിരുന്നു.
സമീപകാലത്തൊന്നുമുണ്ടാകാത്ത വരള്‍ച്ചയാണ് ഈ മേഖല ഇപ്പോള്‍ നേരിടുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴ ശക്തമായി ലഭിക്കാത്തതാണ് പുഴ വറ്റാന്‍ കാരണം. പ്രദേശത്തെ വീട്ടമ്മമാര്‍ കുടിവെള്ളം ശേഖരിക്കാന്‍ നെട്ടോട്ടമോടുകയാണ്. പഴം, പച്ചക്കറി കൃഷികള്‍ ജലസേചനസൗകര്യമില്ലാത്തതു മൂലം കരിഞ്ഞുണങ്ങുകയാണ്. ജലക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.