കോതമംഗലം: തങ്കളം-കോഴിപ്പിള്ളി പുതിയ ബൈപ്പാസില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ബൈപ്പാസില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് തങ്കളം-കലാജംഗ്ഷന് ഭാഗമാണ്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെ റോഡിലൂടെ ഗതാഗതവുമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കൊപ്പം ധാരാളം കാല്‍നടക്കാരും ഉപയോഗിക്കുന്ന റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തത് രാത്രികാലങ്ങളില്‍ റോഡിനെ കൂരിരുട്ടിലാഴ്ത്തുകയാണ്.
ഒരു കിലോമീറ്ററിലധികം വിജനമായ ഭാഗമാണിത്. വ്യാപാരസ്ഥാപനങ്ങളുമില്ലാത്തതിനെ തുടര്‍ന്ന് വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് റോഡിലുള്ളത്.ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ ശല്യവും കാല്‍നടയാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്.
വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള സൗകര്യം റോഡരികിലുണ്ടെങ്കിലും വിളക്കുകള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. അപകടങ്ങളും അക്രമങ്ങളും ഒഴിവാക്കാന്‍ അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






















































