കോതമംഗലം : വന്യ മൃഗ ശല്യം നിലനിൽക്കുന്ന മേഖലയായ ഇഞ്ചത്തൊട്ടിയിൽ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.11 കിലോമീറ്റർ ദൂരത്തിൽ 4 ലൈനുകളായിട്ടാണ് ഫെൻസിങ്ങിന്റെ പ്രവർത്തി നടത്തുന്നത്. നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.
42 ലക്ഷം രൂപ ചിലവഴിച്ചാണ് ഇഞ്ചത്തൊട്ടിയിൽ ഫെൻസിങ് സ്ഥാപിക്കുന്നത്.ചടങ്ങിൽ മൂന്നാർ ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് ജോബ് ജെ നെര്യാംപറമ്പിൽ,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,കോതമംഗലം അസിസ്റ്റന്റ് കൃഷി ഡയറക്ടർ പ്രിയാമോൾ തോമസ്,നേര്യമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുമാരി കെ എഫ് ഷഹനാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, കുട്ടമ്പുഴ പഞ്ചായത്ത് അംഗം മിനി മനോഹരൻ, കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. ജി സന്തോഷ് എന്നിവർ സംസാരിച്ചു.മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. ജി സന്തോഷിനെ ആന്റണി ജോൺ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു.