കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയില്‍ കിണറ്റില്‍ വീണ് കയറ്റിവിട്ടശേഷം ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ മയക്ക് വെടിവച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് ഇറങ്ങി ചുറ്റുമുള്ള ജനവാസ മേഖലകളില്‍ നാശംവിതയ്ക്കുന്ന കൊന്പന്‍ കഴിഞ്ഞദിവസം വെറ്റിലപ്പാറ പുല്ലുവഴിച്ചാലില്‍ ഇറങ്ങിയിരുന്നു. ഈ കൊന്പനെ ഒരാഴ്ച മുന്പ് മുട്ടത്തുപാറയിലെ കിണറില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. കൊന്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ സ്ഥലത്തുനിന്നു പിടിച്ചുമാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിവാദത്തെ തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു. കൊന്പന്‍ വീണ്ടും പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി ഉറപ്പ് പാലിക്കണമെന്ന ആവശ്യം ഉയരുകയാണ്. കൊന്പന്‍ കൂടുതല്‍ നാശംവിതയ്ക്കുന്നതിനു മുന്‌പേ മയക്കുവെടിവച്ച് പിടികൂടി മറ്റിടങ്ങളിലേയ്ക്ക് മാറ്റാന്‍ തയാറാകണമെന്നാണ് ആവശ്യം. കൊന്പന്റെ കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിയെ കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അറിയിച്ചു.
എന്നാല്‍ പുല്ലുവഴിച്ചാലില്‍ ഇറങ്ങിയത് അതേ കൊന്പന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ പ്രദേശവാസികള്‍ ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കിണറില്‍ വീണപ്പോഴുണ്ടായ പരിക്ക് കണ്ടാണ് ആനയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതേസമയം ആനയുടെ പരിക്ക് ഭേദമാകാത്ത സാഹചര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരിക്ക് ഗുരുതരമായാല്‍ ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകും. പരിക്കും മറ്റ് കാരണങ്ങളാലും ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് രക്ഷപ്പെടുത്തുന്നതിന് മുന്‌പേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് കൊന്പനെ വനത്തിലേക്ക് തുറന്നുവിട്ടത്. നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.