കോതമംഗലം: നവീകരിച്ച തട്ടേക്കാട്-കുട്ടമ്പുഴ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. രണ്ടു വര്‍ഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് പണിത സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് ബെല്‍റ്റ് അടക്കമാണ് ഇടിഞ്ഞു വീണത്. നിര്‍മാണത്തിലെ അപാകതയാണ് കെട്ട് തകരാന്‍ കാരണമെന്നാണ് ആരോപണം. തട്ടേക്കാട് പക്ഷിസങ്കേതം ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള കള്ള് ഷാപ്പിന് എതിര്‍വശത്തെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് പെരിയാറിന്റെ വൃഷ്ടിപ്രദേശത്തേക്കാണ് നിലംപൊത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് ഭിത്തി ഇടിഞ്ഞതെന്നാണ് സമീപവാസികള്‍ പറഞ്ഞത്. ഭിത്തിയോട് ചേര്‍ന്ന് റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറിന്റെ മൂന്ന് തൂണുകളും ഇളകിയാണ് നില്‍ക്കുന്നത്. ഏകദേശം അഞ്ച് മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ കെട്ട് തകര്‍ന്നിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തിന്റെ ഇരുവശത്തും റോഡിനോട് ചേര്‍ന്ന ഭാഗത്തും ശക്തമായ മഴ പെയാതാല്‍ വീണ്ടും ഇടിയാന്‍ സാധ്യതയുണ്ട്.