കോതമംഗലം : സ്ത്രീ ശാക്തീകരണമല്ല മറിച്ച് സ്ത്രീ-പുരുഷ സമത്വമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും, പ്രഭാഷകയും, സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി .കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.സ്ത്രീ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന ആശയത്തിൽ നിന്നും ഇന്ന് സ്ത്രീ അരങ്ങത്ത് നിലയുറപ്പിച്ചിരിക്കുന്നുവെന്നും,പ്രതിസന്ധികളെ നേരിട്ട് തളർന്നിരിക്കാതെ മുന്നോട്ടു പോകണമെന്നും തന്റെ ജീവിതാനുഭവം പങ്കു വെച്ചു കൊണ്ട് ജോയ്സ് മേരി പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് നമ്മുടെ സംസ്കാരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും, സ്ത്രീ – പുരുഷ വ്യത്യാസം നമ്മുടെ ജീവിതത്തിൽ ഒരു തടസ്സമല്ലായെന്നും അവർ പറഞ്ഞു. പ്രശ്നങ്ങളിൽ ഭയപ്പെടാതെ പുഞ്ചിരിയോടു കൂടി ജീവിതത്തിൽ മുന്നേറുവാൻ വിദ്യാർത്ഥികളെ അവർ പ്രചോദിപ്പിച്ചു. ഏത് തൊഴിൽ മേഖലയിലും സ്ത്രി – പുരുഷ വേർതിരിവ് പുലർത്താതെ എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്ന് കൂടി ജോയ്സ് ഓർമ്മപ്പെടുത്തി.
ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബ് കോർഡിനേറ്റർ ഡോ. ഡയാന ആൻ ഐസക്, ജോയിന്റ് കോർഡിനേറ്റർമാരായ ഡോ.സെലിഷ്യ ജോസഫ്, ഡോ. ഷെറിൻ ഫിലിപ്പ് എന്നിവർ നേതൃത്വം കൊടുത്തു.
ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും, സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് പെരുമാറുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബിന്റെ ലക്ഷ്യം