തൊടുപുഴ: പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മുള്ളരിങ്ങാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു പരിഹാരനടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കാട്ടാനകള്‍ പതിവായി ജനവാസമേഖലയില്‍ എത്തുന്നതോടെ ഇവിടെ ജനങ്ങളുടെ സൈ്വരജീവിതം താറുമാറായ നിലയിലാണ്. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ജംഗ്ഷനു സമീപം വരെ കാട്ടാനയെത്തി. പ്രദേശത്തെ റോഡുകളില്‍കൂടി സന്ധ്യ കഴിഞ്ഞാല്‍ സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
മുള്ളരിങ്ങാട് കാട്ടാന ശല്യം പതിവായി ഉണ്ടാകാറുണ്ടെങ്കിലും ഇവിടെ ആനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതോടെയാണ് ജനം കൂടുതല്‍ ഭീതിയിലായത്. കഴിഞ്ഞ ഡിസംബര്‍ 29-നാണ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ പാലിയത്ത് അമര്‍ ഇബ്രാഹിം കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സുഹൃത്ത് മന്‍സൂറിനു പരിക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കാട്ടാന പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുള്ളരിങ്ങാട് കാട്ടാന പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം പാഴ്വാക്കായി. ഇരുപതോളം കാട്ടാനകള്‍ ഇപ്പോള്‍ പ്രദേശത്ത് തന്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ വൈദ്യുതിവേലി ഉള്‍പ്പെടെ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്.
