കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും മാലിപ്പാറയിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കിലോമീറ്ററുകളോളം സഞ്ചരിച്ച ആനകള്‍ നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കയറിയിറങ്ങി. പൈനാപ്പിള്‍, വാഴ, തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. മാലിപ്പാറയില്‍ കിളികുത്തിപ്പാറ ഭാഗത്താണ് ആനകളെത്തിയത്. വെറ്റിലപ്പാറയില്‍ വൈദ്യുതി ലൈനിലേക്ക് പന മറിച്ചിട്ടു. വിവിധ ഭാഗങ്ങളിലെ കയ്യാലകള്‍ തകര്‍ത്താണ് ആനകള്‍ നീങ്ങിയത്. പടക്കംപൊട്ടിച്ചും ബഹളംവച്ചുമാണ് ആനകളെ കൃഷിയിടങ്ങളില്‍നിന്ന് നാട്ടുകാര്‍ തുരത്തിയത്. എന്നാല്‍ ഒരിടത്തുനിന്ന് നീങ്ങിയ ആനകള്‍ മറ്റ് ഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്കാണ് എത്തിയത്.
ആനക്കൂട്ടം ജനവാസ മേഖലകളിലെ പതിവ് സന്ദര്‍ശകരായതോടെ ജനങ്ങള്‍ ഭീതിയിലാണ്. രാത്രിയില്‍ വീടിന് പുറത്തിറങ്ങണമെങ്കില്‍ ആനകള്‍ പരിസരത്തെങ്ങുമില്ലെന്ന് ഉറപ്പാക്കേണ്ട സ്ഥിതിയാണുള്ളത്. ആനകളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനപ്പെട്ട റോഡുകളിലുടെയുള്ള യാത്രപോലും സുരക്ഷിതമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയിറങ്ങിയ ആനകളും പിഡബ്ല്യുഡി റോഡുകളിലൂടെയാണ് കടന്നുപോയത്. ദിവസങ്ങള്‍ കഴിയുന്തോറും പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങള്‍ ആന ശല്യത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. ഇതോടെ പഞ്ചായത്തില്‍ ആര്‍ആര്‍ടിയുടെ സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
