കോതമംഗലം: എലിപ്പനി ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം നഗര്‍ തേലക്കാട്ട് പി.ഇ. എല്‍ദോസ് (58) ആണ് മരിച്ചത്.പനി ബാധിച്ച് കഴിഞ്ഞ 11ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. രോഗം മൂര്‍ച്ഛിച്ച് എല്‍ദോസിന്റെ ഇരുവൃക്കകളും തകരാറിലായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കോഴിക്കോട് ഭാഗത്ത് കൂലിപ്പണിക്ക് പോയി പനി ബാധിച്ച് 18 ദിവസം മുന്പ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിപ്പനി മൂര്‍ച്ഛിച്ചതിനൊപ്പം മഞ്ഞപ്പിത്തവും പിടിപെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി റിപ്പോര്‍ട്ട് കിട്ടാതെ സ്ഥിരീകരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എല്‍ദോസിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പനി സര്‍വെ നടത്തുകയും എലിപ്പനി പ്രതിരോധ നടപടികളെടുക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുവിതരണവും നടത്തി. സംസ്‌കാരം ഇന്നു 2.30 ന് ചെങ്കര മാര്‍ ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയില്‍. ഭാര്യ: മിനി. മകള്‍: എമി.\