കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
