കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയില്‍ കാട്ടാനയെ രക്ഷപ്പെടുത്താന്‍ ഇടിച്ച കിണറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കുമെന്ന അധിക്യതരുടെ ഉറപ്പ് ജലരേഖയാകുന്നു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്ത് കൂലാഞ്ഞി പത്രോസിന്റെതാണ് കിണര്‍. കഴിഞ്ഞ ഏപ്രില്‍ 12നാണ് കൊന്പന്‍ കിണറില്‍ വീണത്. കൊന്പന്റെ പരാക്രമത്തിലും രക്ഷപ്പെടുത്താന്‍ വനംവകുപ്പുകാര്‍ വഴിയൊരുക്കിയതിനാലും കിണറിന് കേടുപാടുകളുണ്ടായി. ഉടമയും സമീപത്തെ പത്തിലേറെ വീട്ടുകാരും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് ഇങ്ങനെ തകര്‍ന്നത്. കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ കിണറിന്റെ അറ്റകുറ്റപ്പണി നടത്തി കിട്ടണമെന്ന നാട്ടുകാരുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അധികാരികളും ജനപ്രതിനിധികളും ഉറപ്പുനല്‍കിയിരുന്നു. ആനയെ രക്ഷപ്പെടുത്തി വിട്ടതിന്റെ പിറ്റേദിവസവും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് ഉറപ്പ് നല്‍കിയതുമാണ്. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്.വേഗത്തില്‍ ഉണ്ടാകുമെന്ന പറഞ്ഞ നടപടി ഒന്നര മാസം പിന്നിട്ടിട്ടും തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല.
ജില്ലാ കളക്ടര്‍ ഏപ്രില്‍ 21 ന് നല്‍കിയ ഉത്തരവ് പ്രകാരം മേയ് 30നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. പണിക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചതുമാണ്. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല കോതമംഗലം തഹസില്‍ദാര്‍ക്കും നല്‍കി. മഴക്കാലം തുടങ്ങിയതോടെ ഇനി സൈഡ് കെട്ടല്‍ ഉള്‍പ്പടെയുള്ള പണികള്‍ ചെയ്യാനുമാകില്ല. കിണര്‍വെള്ളം ഉപയോഗിച്ചിരുന്ന ഉടമയും സമീപത്തെ മറ്റ് വീട്ടുകാരും ഇപ്പോള്‍ പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ആന വീണതിനാലും സൈഡ് ഇടിച്ചതിനാലും കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വെള്ളം കുടിച്ചുകാണിക്കുകയാണെങ്കില്‍ തങ്ങളും കുടിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണിയുടെ ചുമതല ജില്ലാകളക്ടര്‍ പൊതുമരാമത്ത് വകുപ്പിനേയാണ് ഏല്‍പ്പിച്ചിരുന്നത്. കിണറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ സാങ്കേതിക തടസം ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളതായാണ് വിവരം.