കോതമംഗലം: നേര്യമംഗലത്ത് ഇടുക്കി റോഡിന്റെ മദ്ധ്യത്തിൽ രൂപപ്പെട്ട ഗർത്തം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വാരിക്കാട്ട് അമ്പലത്തിന് സമീപത്തെ കലുങ്കിനുണ്ടായ തകർച്ചയാണ് ഗർത്തമുണ്ടാകാൻ കാരണം. കൂടുതൽ തകർച്ചയുണ്ടായാൽ വാഹന യാത്ര പ്രതിസന്ധിയിലാകും. ഏതാനും വർഷം മുമ്പ് വൻതുക ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. എന്നാൽ കലുങ്കുകളൊന്നും പുതുക്കി നിർമ്മിച്ചില്ല. കാലപഴക്കമാണ് കലുങ്കിന്റെ തകർച്ചക്ക് കാരണം. മറ്റ് കലുങ്കുകളുടെ അവസ്ഥയും സമാനമാണെന്ന് നാട്ടുകാർ പറഞ്ഞു.
