കോതമംഗലം: കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നടപ്പാക്കുമെന്ന് ആവർത്തിക്കുന്ന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുമെന്ന് വീണ്ടും ബജറ്റിൽ പറയുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. 20 പുതിയ പദ്ധതികൾ നടപ്പാക്കും എന്നാണ് എംഎൽഎ അവകാശപ്പെടുന്നത്. ഇതിൽ 18 പദ്ധതികളും പഴയ ബജറ്റുകളിൽ ഉൾപ്പെടുത്തിയതാണ്.
വാഴക്കുളം റോഡ്- കോഴിപ്പിള്ളി- അടിവാട് മാര്‍ക്കറ്റ് റോഡ്, തൃക്കാരിയൂര്‍-നാടുകാണി റോഡ്-കൊണ്ടിമറ്റം – പെരുമണ്ണൂര്‍ റോഡ് ,ആലുംമാവ് – കുരൂര്‍ റോഡ്, ഇലവുംപറമ്പ് – നാടുകാണി റോഡ് ,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,എസ് എന്‍ ഡി പി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂര്‍ റോഡ്, കുട്ടമ്പുഴ പിണവൂര്‍കുടി- ആനന്ദംകുടി റോഡ്,കോതമംഗലം ടൗണ്‍ ഹാൾ, ഇഞ്ചത്തൊട്ടി പാലം ,ഊന്നുകൽ – തേങ്കോട് റോഡ്, കോതമംഗലം -പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ),സൊസൈറ്റി പടി -കനാല്‍ പാലം – മേതലപടി – പാഴൂര്‍മോളം – കോട്ടച്ചിറ റോഡ്,വായനശാലപടി – വലിയപ്പാറ-കാട്ടാട്ടുകുളം -നെലിമറ്റം റോഡ്-പ്രൊ:എം പി വര്‍ഗീസ് റോഡ്,വടാശ്ശേരി -തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,മലയോര ഹൈവേ ,ബ്ലാവന പാലം – മണികണ്ഠന്‍ചാല്‍ പാലം ,ബംഗ്ലാകടവ് പാലം,ചെറുവട്ടൂര്‍ – അടിവാട്ട് പാലം,പുലിമല പാലം,ഊന്നുകൽ – വെങ്ങല്ലൂര്‍ റോഡ്,ചാത്തമറ്റം – ഊരംകുഴി റോഡ് ഇവയെല്ലാം ഏഴുവർഷമായിബജറ്റിൽ ഉൾപ്പെടുത്തിയതായി എംഎൽഎ പറഞ്ഞിട്ടുള്ളതാണ്.
അന്നും ഇപ്പോഴും ഇവയ്ക്കെല്ലാം ബജറ്റിൽ ടോക്കൺ അഡ്വാൻസ് മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. അടങ്കൽ തുകയുടെ 15% എങ്കിലും ബജറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ പദ്ധതിയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ എടുക്കാൻ കഴിയുകയുള്ളൂ. പേരിനു മാത്രം ടോക്കൺ വച്ചാൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുകയില്ല. കഴിഞ്ഞ ബഡ്ജറ്റിൽ 220 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞിരുന്നു.
എന്നാൽ 2.5 കോടി രൂപയുടെ അറ്റകുറ്റപ്പണി മാത്രമാണ് കോതമംഗലം മണ്ഡലത്തിൽ നടത്തിയത്. സംസ്ഥാന ബജറ്റ് വിഭാവനം ചെയ്യുന്നത് അതാത് സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഏതാണ്ട് മുഴുവൻ പദ്ധതികളും ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സത്യത്തിൽ എംഎൽഎ കോതമംഗലത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ഷിബു തെക്കുംപുറം ആരോപിച്ചു.