പോത്താനിക്കാട് : ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഏറാമ്പ്ര ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാരപ്പെട്ടി പിടവൂർ പഴയൻകോട്ടിൽ വീട്ടിൽ ഷിബു പൗലോസ് (മാല ഷിബു 44) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം തെക്കെ കവല ഭാഗത്തുള്ള റമീസ് എന്ന ടിപ്പർ ലോറി ഡ്രൈവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പിടവൂർ മൈലാടുംപാറ ഭാഗത്തുള്ള പാറമടയിൽ നിന്നും ടേൺ തെറ്റിച്ച് ടോക്കണെടുത്ത് കരിങ്കൽ ലോഡ് കയറ്റിക്കൊണ്ട് പോകുന്നു എന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാറമടയിൽ നിന്നും ലോഡ് കയറ്റി റമീസ് ഓടിച്ച് പോകുകയായിരുന്ന ലോറി പാറമടയുടെ പ്രവേശന കവാടത്തിൽ വച്ച് ഷിബു തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ സീറ്റിൽ നിന്നും റമീസിനെ വലിച്ച് താഴെയിട്ട് കരിങ്കല്ലിന് ആക്രമിക്കുകയായിരുന്നു. പോത്തിതിക്കാട്, കുറുപ്പംപടി പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഷിബു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷിബിൻ, എസ്.ഐ മാരായ റോജി ജോർജ്ജ്, കെ.റ്റി.സാബു, എ.എസ്.ഐ മാരായ എം.എസ്.മനോജ്, വി.സി.സജി, എസ്.സി.പി.ഒ മാരായ ബിജു, അബ്ദുൽ റഷീദ്, സി.പി.ഒ മാരായ നിയാസുദ്ദീൻ, ദീപു.പി.കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
