കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടമ്പുഴ കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി കൈവശത്തിലിരിക്കുന്ന കൃഷിഭൂമിയിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഈ ഗ്രാമങ്ങളിലെ ആളുകൾ അധികവും കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. വന്യജീവി ശല്യവും, പരിസ്ഥിതി നിയമങ്ങളും മൂലം വളരെയേറെ ബുദ്ധിമുട്ടുന്നവരാണ് ഇവിടുത്തെ ജനങ്ങൾ . അതിനിടയിൽ പരിസ്ഥിതിലോല മേഖല കൂടി ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാൽ ഇവിടെ ജനജീവിതം ദുസ്സഹമാകും.
അതുപോലെ തികച്ചും സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തുനിന്ന് ഇ-മെയിലിലൂടെ പ്രതികരണങ്ങൾ ലഭിക്കണമെന്ന് പറയുന്നതും ദുരുദ്ദേശ പരമാണ്. കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും അധികം സംഭാവനകൾ നൽകിയത് കർഷകരാണ്. കർഷകരെ അവഗണിച്ചുകൊണ്ടുള്ള ഒരു വളർച്ച അസാധ്യമാണ്. പ്രകൃതിയോടും പ്രപഞ്ച സംവിധാനങ്ങളോടും എന്നും നീതി പുലർത്തിയിട്ടുള്ളവരാണ് കർഷകർ. എന്നാൽ ഇന്ന് പരിസ്ഥിതി നിയമങ്ങളുടെ പേരിൽ കർഷകരെ വരിഞ്ഞുമുറുക്കുന്ന അവസ്ഥയാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പേരിൽ രണ്ടു പഞ്ചായത്ത്കളിലെ ജനവാസ മേഖലകളും, കൃഷിഭൂമിയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു.