കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷനിലേയും, റോട്ടറി ഭവൻ സമീപ പ്രദേശങ്ങളിലേയും വെള്ളക്കെട്ടിനു ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മർച്ചൻ്റ് അസ്സോസിയേഷൻ, റസിഡൻ്റ്സ് അസ്സോസിയേഷൻ, ആട്ടോമൊബൈൽ വർക് ഷോപ് അസ്സോസിയേഷനും സംയുക്തമായി അൻപത്തി ഏഴു പേർ ഒപ്പിട്ട സങ്കട ഹർജി ജോർജ് എടപ്പാറ, ബിനു ജോർജ്, കെ.ഒ ഷാജി എന്നിവർ ചേർന്നു കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ വർഗീസിനു നല്കി.
ഒറ്റപ്പെട്ട മഴയിൽ പോലും തങ്കളം ബൈപാസ് ജംഗ്ഷനും, റോട്ടറി ഭവൻ്റെ സമീപമുള്ള സ്ഥാപനങ്ങളിലും, വീടുകളിലും, കിണറുകളിലും അഴുക്കു വെള്ളം കയറുന്ന സ്ഥിതിയാണ്.സ്ഥാപനങ്ങളിലും, വീടുകളിലും, കിണറുകളിലും വെള്ളം കയറുന്നതുമൂലം സാമ്പത്തിക നഷ്ടവും, തൊഴിൽ നഷ്ടവും ഉണ്ടാകുന്നു. റോട്ടറി ഭവൻ്റെ സമീപത്തെ ഒരു കുടുംബം വെള്ളപ്പൊക്ക ദുരിതം മൂലം അവിടെ നിന്നും താമസം മാറ്റി. മഴ പെയ്താൽ വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. അതു കൊണ്ട് തങ്കളത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തണം.
തങ്കളം കാക്കനാട് നാലുവരിപാതയുടെ നിർമ്മാണത്തിനു മുൻപ് പാടശേഖരത്തിൻ്റെ രണ്ടു വശങ്ങളിലെ തോട്ടിൽകൂടി ഒഴുകിയിരുന്ന വെള്ളം ഒരു വശത്തെ തോട്ടിൽ കൂടി ഒഴുകുന്നതും , തോടു കൈയേറ്റവും വെള്ളക്കെട്ടിനു കാരണമാകുന്നു. രണ്ടു തോടുകളും പഴയ കാല വീതിയിൽ പുനസ്ഥാപിച്ച് ജവഹറിനു സമീപം കോതമംഗലം തോട്ടിലേക്ക് വെള്ളം ഒഴുകുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. റവന്യൂ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഒഴിപ്പിക്കുക. തങ്കളം കാക്കനാട് റോഡിനു കുറുകെ കലുങ്ക് സ്ഥാപിക്കുക. എന്നീ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയാൽ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാകും.