പെരുമ്പാവൂർ: ഓടക്കാലി-നാഗഞ്ചേരി റോഡ് നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂർത്തിയാക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.എല്‍.എ. അറീയിച്ചു. 1.85 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് 10 വര്‍ഷം മുമ്പാണ് അവസാനമായി ടാര്‍ ചെയ്തത്. നിത്യേന നിരവധി ഭാരവാഹനങ്ങള്‍ പോകുന്നതുകൊണ്ട് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 75 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിലാണ് റോഡ് നവീകരിക്കുന്നത്. ബി.എം ബി.സി രീതിയില്‍ ഉന്നത നിലവാരത്തില്‍ ടാറിങ് നടത്തുന്നതിനുള്ള തുകയായിരുന്നു ആവശ്യപ്പെട്ടത്. ആഷിക് പി മുഹമ്മദ് എന്ന കരാറുകാരനാണ് ടെൻഡർ എടുത്തിട്ടുള്ളത്. ഈ നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി ഈ മാസം തന്നെ സൈറ്റ് കൈമാറി നിർമാണം ആരംഭിക്കുവാൻ സാധിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
