കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സർവകലാശാലയുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള സെർവറിൽ ശ്രിംഖലയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമായ നെറ്റ്‌വർക്ക് ഫയർവാളിനെ കബളിപ്പിച്ചുകൊണ്ടു അനധികൃതമായി നുഴഞ്ഞു കയറി , വിദൂര നിയത്രണ സംവിധാനം സ്ഥാപിച്ചു സെർവറിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ചോർത്തുന്നതിന് ഉതകുന്ന വളരെ പ്രധാനപ്പെട്ട ഒരു പിഴവായിരുന്നു ശ്രീ . ടെഡി കണ്ടുപിടിച്ചത് .
സ്റ്റാൻഫോർഡ് സർവകലാശാലയുമായി ബന്ധപ്പെട്ട മുപ്പത്തിനായിരത്തിൽപ്പരം ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങൾ അതിൽ ഉൾപ്പെടുന്നു .വിവരചോർച്ച മാത്രമല്ല ,സർവകലാശാലയിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയെ മൊത്തത്തിൽ നിയന്ത്രണത്തിൽ വരുത്തുവാനും ശൃഖലയിലെ മറ്റ് സെർവറുകളിൽ തകരാറുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന മാൽവെയറുകൾ (malware) പരത്തുവാനും സാധിക്കുമായിരുന്ന അതീവ ഗൗരവമുള്ള ഒരു പിഴവായിരുന്നു കണ്ടെത്തിയത് .
നൽകിയ വിവരം അനുസരിച്ചു സ്റ്റാൻഫോർഡ് സർവകലാശാല പിഴവ് പരിഹരിക്കുകയും നൽകിയ സഹായത്തിനു നന്ദി അറിയിക്കുകയും ചെയ്തു . മുൻപും ഇതുപോലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ വളരെ ഗൗരവമുള്ള പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിന് സഹായിച്ചിട്ടുണ്ട് ശ്രീ . ടെഡി .
നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളുടെ സൈബർ സുരക്ഷയും വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ സുരക്ഷയും ശക്തമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് , കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ദ്രാലയത്തിനു കിഴിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) രണ്ടു തവണ ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) നൽകി ആദരിച്ചിട്ടുണ്ട് . ഇന്ത്യയിലെ സൈബർ പ്രതിരോധ മേഖലയിൽ മികച്ച സംഭാവന നല്കുന്നവർക്കായി നൽകുന്ന ബഹുമതിയാണിത് .



























































