കവളങ്ങാട് : നേര്യമംഗലം-നീണ്ടപാറ-പനംങ്കുട്ടി റോഡ് ടാറിംഗ് പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴു വർഷത്തോളമായി തകർന്നു സഞ്ചാരയോഗ്യമല്ലാതെ ദുർഘടമായിക്കിടക്കുന്നതാണ് നേര്യമംഗലം-നീണ്ടപാറ-കരിമണൽ-തട്ടേക്കണ്ണി-പനംങ്കുട്ടി റോഡ്. നിരവധി പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി 2018ൽ കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 28 കോടി അനുവദിച്ചിരുന്നു. 2019 ഓഗസ്റ്റ് ഒൻപതിന് റോഡ് പണി ഉദ്ഘടനവും ചെയ്തതാണ്. എന്നാൽ പല കാരണങ്ങളാൽ റോഡ് നിർമാണം ഇഴയുകയാണ്. ഏതാനും ഭാഗത്ത് റോഡിന്റെ ഒരു വശവും ചിലയിടങ്ങളിൽ റോഡ് പൂർണമായും ടാറിംഗ് നടത്തിയെങ്കിലും അവശേഷിക്കുന്ന ഭാഗം തകർന്നു കിടക്കുകയാണ്. നിർമാണത്തിനായി റോഡ് പലയിടത്തും കുത്തിപ്പൊളിച്ചതിനാൽ കൂടുതൽ കുണ്ടും കുഴിയുമായിരിക്കുകയാണ്. എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ രാത്രിയും പകലുമായി നിരവധി സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നതാണ്.
റോഡിന്റെ ദുരവസ്ഥ മൂലം 75 ശതമാനം ബസുകളും സർവീസ് നിർത്തി. ഇപ്പോൾ നാമമാത്രമായ ബസ് സർവീസ് മാത്രമേ നടത്തുന്നുള്ളു. ആശുപത്രി ആവശ്യങ്ങൾക്ക് പോലും റോഡിന്റെ ദുരവസ്ഥമൂലം ജനങ്ങൾ വലയുകയാണ്. നേര്യമംഗലം-നീണ്ടപാറ-പനംങ്കുട്ടി റോഡ് ടാറിംഗ് പൂർത്തിയാകുകയാണെങ്കിൽ മൂന്നാറിനുള്ള ബൈപാസ് റോഡായി ഉപയോഗിക്കാവുന്നതാണ്. നേര്യമംഗലത്തുനിന്ന് ഒരേ ദൂരമാണ് നിലവിലുള്ള നേര്യമംഗലം-ചീയപ്പാറ-അടിമാലി-മൂന്നാർ ദേശീയ പാതയും നേര്യമംഗലം-പനംങ്കുട്ടി-കല്ലാറുകുട്ടി-ശല്യാംപാറ-ആനച്ചാൽ-മൂന്നാർ പാതയും. ഇതുമൂലം മൂന്നാർ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും നേര്യമംഗലം മുതൽ പത്താം മൈൽ വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരവുമാകും.