കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ അല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി പ്രതിസന്ധിയിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി തവണ നിയമസഭയിലും,അതോടൊപ്പം തന്നെ സർക്കാരിന്റെയും കിഫ്ബി അധികൃതരുടെയുമെല്ലാം ശ്രദ്ധയിൽ ഈ വിഷയം ആന്റണി ജോൺ എം എൽ എ കൊണ്ടുവരികയും അതിന്റെ തുടർച്ചയിൽ പദ്ധതി ഏതു വിധേനയും നടപ്പിലാക്കാൻ കഴിയുന്നതിന് വേണ്ടിയിട്ടുള്ള തുടർ പരിശോധനകളും നടത്തുന്നതിനു വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം കിഫ്ബി തയ്യാറാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആന്റണി ജോൺ എം എൽ എ നൽകിയ കത്തിന് മറുപടി ആയിട്ടാണ് പുതിയ അലൈൻമെന്റ്
സാധ്യതകൾ വിശദീകരിച്ചു കൊണ്ട് കിഫ്ബിയിൽ നിന്നും മറുപടി ലഭ്യമാക്കിയിട്ടുള്ളത്.
നിലവിൽ കോതമംഗലം ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം പ്രവർത്തി നടത്തിയ സ്കെച്ച് ഉൾപ്പെടുത്തി മലേപീടിക, ചെറുവട്ടൂർ,പള്ളിച്ചിറങ്ങര എന്നീ സ്ഥലങ്ങളിലൂടെയാണ് വീട്ടൂർ വരെ നീളുന്ന അലൈൻമെന്റ് കണ്ടെത്തിയിരിക്കുന്നത്. വീട്ടൂർ മുതൽ കിഴക്കമ്പലം വരെയുള്ള ഭാഗത്തെ അലൈൻമെന്റ് നിലവിലെ റോഡ് വീതി കൂട്ടിയാണ് വിഭാവനം ചെയ്യുന്നതെന്നും കിഴക്കമ്പലം മുതൽ കാക്കനാട് വരെയുള്ള ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച പഠനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ആണെന്നും കിഫ്‌ബി അറിയിച്ചു. കിഫ് ബി പദ്ധതിയായി തന്നെ തങ്കളം – കാക്കനാട് നാലുവരിപ്പാത നടപ്പിലാക്കാൻ കഴിയുന്ന സാഹചര്യം ഒരുങ്ങി വരികയാണെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.