മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലും മാറാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചു. മാറാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലും പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നിഫാമിലെയും അതിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും പന്നികളെ പ്രോട്ടോകോള്‍പാലിച്ച് ഉന്‍മൂലനം ചെയ്യുന്നതിന് (കൊന്നൊടുക്കുന്നതിനും)മൃഗസംരക്ഷണ വകുപ്പ് ഉത്തരവ്. പന്നിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായും പത്തുകലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളില്‍ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ പന്നികളെ കൊണ്ടുപോയിണ്ടുണ്ടോയന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും നിരോധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലെക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലുള്ള മറ്റു പ്രവേശന മാര്‍ഗ്ഗങ്ങളും പോലീസും ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന നടപടി എടുക്കേണ്ടതാണെന്നും രോഗം സ്ഥിരീകരിച്ചിട്ടുള്ള മാറാടി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ പോലീസ് മൃഗസംരക്ഷണ വകുപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാര്‍ വില്ലേജ് ഓഫീസര്‍ റൂറല്‍ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്റിനറി ഓഫീസില്‍ അറിയിക്കേണ്ടതും വെറ്റിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കേണ്ട നടപടി സ്വീകരിക്കേണ്ടതുമാണെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.