കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് റാണ എന്നിവരാണ് പിടിയിലായത്. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി റ്റി യടക്കമുള്ള പോലീസ് സംഘം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതൽ പ്രതികൾ സംഘത്തിലുണ്ടോയെന്നതും സംബന്ധിച്ചും ബംഗാൾ സ്വദേശിയും മലയാളിയായ കക്കടാശേരി സ്വദേശിയും
തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചും വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് പോലീസ് സംഘം. ആലുവയിൽ നിന്നെത്തിയ പോലീസിൻ്റെ വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ നിന്നുമാണ്
കേസിന് സൂചന ലഭിച്ചതെന്നാണ് വിവരം.
കോതമംഗലം മുനിസിപ്പാലിറ്റി 21 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മോട്ടോർ പുരയിലാണ് മോഷണം നടന്നത്.
ഉദ്ദേശം 500 കിലോയോളം ചെമ്പ് കമ്പി നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മെയിൻ സ്വിച്ചിൽ നിന്നും മോട്ടോറിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന ചെമ്പ് കമ്പി പ്ലാസ്റ്റിക് കോട്ടിംഗ് ചെയ്തതാണ്. പുതുപ്പാടി മുളവൂർ കവലക്കു സമീപം കോതമംഗലം പുഴയുടെ തീരത്ത് കുംബപ്പിള്ളി കടവിലാണ് പമ്പ് ഹൗസ്. പമ്പ് ഹൗസിൻ്റെ താഴ് തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. പമ്പ് ഹൗസിനു ള്ളിലും സമീപപ്രദേശത്തും മദ്യകുപ്പികൾ ചിതറി കിടപ്പുണ്ടായിരുന്നു. ഒരാഴ്ച മുൻപാണ് മോഷണം നടത്തിയത്. നിലവിൽ വർഷകാലമായതിനാൽ മോട്ടോറുകൾ പ്രവർത്തിക്കുന്നില്ല.ആലുവയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തിയിരുന്നു.
ഉദ്ദേശം 65 വർഷം മുൻപ് പുതുപ്പാടി, മുളവൂർ പ്രദേശങ്ങളിലെ നെൽ വയലുകൾ ഉൾപ്പടെയുള്ള
ഏക്കറു കണക്കിന് സ്ഥലത്ത് കൃഷിക്കാവശ്യമായിട്ടാണ് പമ്പ് ഹൗസും കനാലും നിർമ്മിച്ചത്.